സങ്കീര്‍ത്തനങ്ങള്‍ 23 : 1-6

കര്‍ത്താവാണ് എന്‍റെ ഇടയന്‍; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.
പച്ചയായ പുല്‍ത്തകിടിയില്‍ അവിടുന്ന് എനിക്കു വിശ്രമമരുളുന്നു; പ്രശാന്തമായ ജലാശയത്തിലേക്ക് അവിടുന്ന് എന്നെ നയിക്കുന്നു.
അവിടുന്ന് എനിക്ക് ഉന്‍മേഷം നല്‍കുന്നു; തന്‍റെ നാമത്തെപ്രതി നീതിയുടെ പാതയില്‍ എന്നെ നയിക്കുന്നു.
മരണത്തിന്‍റെ നിഴല്‍ വീണതാഴ്​വരയിലൂടെയാണു ഞാന്‍ നടക്കുന്നതെങ്കിലും, അവിടുന്നു കൂടെയുള്ളതിനാല്‍ ഞാന്‍ ഭയപ്പെടുകയില്ല; അങ്ങയുടെ ഊന്നുവടിയും ദണ്‍ഡും എനിക്ക് ഉറപ്പേകുന്നു.
എന്‍റെ ശത്രുക്കളുടെ മുന്‍പില്‍ അവിടുന്ന് എനിക്കു വിരുന്നൊരുക്കുന്നു; എന്‍റെ ശിരസ്സു തൈലംകൊണ്ട് അഭിഷേകം ചെയ്യുന്നു; എന്‍റെ പാനപാത്രം കവിഞ്ഞൊഴുകുന്നു.
അവിടുത്തെ നന്‍മയും കരുണയും ജീവിതകാലം മുഴുവന്‍ എന്നെ അനുഗമിക്കും; കര്‍ത്താവിന്‍റെ ആലയത്തില്‍ ഞാന്‍ എന്നേക്കും വസിക്കും.