ഏശയ്യാ 43 : 1-5

യാക്കോബേ, നിന്നെ സൃഷ്ടിക്കുകയും ഇസ്രായേലേ, നിന്നെ രൂപപ്പെടുത്തുകയും ചെയ്ത കര്‍ത്താവ് അരുളിച്ചെയ്യുന്നു; ഭയപ്പെടേണ്ടാ, ഞാന്‍ നിന്നെ രക്ഷിച്ചിരിക്കുന്നു; നിന്നെ പേരുചൊല്ലി വിളിച്ചിരിക്കുന്നു. നീ എന്റേതാണ്.
സമുദ്രത്തിലൂടെ കടന്നുപോകുമ്പോള്‍ ഞാന്‍ നിന്നോടുകൂടെയുണ്ടായിരിക്കും. നദികള്‍ കടക്കുമ്പോള്‍ അതു നിന്നെ മുക്കിക്കളയുകയില്ല. അഗ്നിയിലൂടെ നടന്നാലും നിനക്കു പൊള്ളലേല്‍ക്കുകയില്ല; ജ്വാല നിന്നെ ദഹിപ്പിക്കുകയുമില്ല.
ഞാന്‍ നിന്‍റെ ദൈവമായ കര്‍ത്താവും രക്ഷകനും ഇസ്രായേലിന്‍റെ പരിശുദ്ധനുമാണ്. നിന്‍റെ മോചനദ്രവ്യമായി ഈജിപ്തും നിനക്കു പകരമായി എത്യോപ്യായും സേബായും ഞാന്‍ കൊടുത്തു.
നീ എനിക്കു വിലപ്പെട്ടവനും ബഹുമാന്യനും പ്രിയങ്കരനും ആയതുകൊണ്ട് നിനക്കു പകരമായി മനുഷ്യരെയും നിന്‍റെ ജീവനു പകരമായി ജനതകളെയും ഞാന്‍ നല്‍കുന്നു.
ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്. കിഴക്കുനിന്നു നിന്‍റെ സന്തതിയെ ഞാന്‍ കൊണ്ടുവരും; പടിഞ്ഞാറുനിന്നു നിങ്ങളെ ഒരുമിച്ചുകൂട്ടും.