മത്തായി 5 : 3-12

ആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്‍മാര്‍; സ്വര്‍ഗരാജ്യം അവരുടേതാണ്.
വിലപിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ ആശ്വസിപ്പിക്കപ്പെടും.
ശാന്തശീലര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ ഭൂമി അവകാശമാക്കും.
നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ക്കു സംതൃപ്തി ലഭിക്കും.
കരുണയുള്ളവര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ക്കു കരുണ ലഭിക്കും.
ഹൃദയശുദ്ധിയുള്ളവര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ ദൈവത്തെ കാണും.
സമാധാനം സ്ഥാപിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ ദൈവപുത്രന്‍മാരെന്നു വിളിക്കപ്പെടും.
നീതിക്കുവേണ്ടി പീഡനം ഏല്‍ക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍; സ്വര്‍ഗരാജ്യം അവരുടേതാണ്.
എന്നെപ്രതി മനുഷ്യര്‍ നിങ്ങളെ അവഹേളിക്കുകയും പീഡിപ്പിക്കുകയും എല്ലാവിധ തിന്‍മകളും നിങ്ങള്‍ക്കെതിരേ വ്യാജമായി പറയുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ ഭാഗ്യവാന്‍മാര്‍;
നിങ്ങള്‍ ആനന്ദിച്ചാഹ്ളാദിക്കുവിന്‍; സ്വര്‍ഗത്തില്‍ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും. നിങ്ങള്‍ക്കു മുമ്പുണ്ടായിരുന്ന പ്രവാചകന്‍മാരെയും അവര്‍ ഇപ്രകാരം പീഡിപ്പിച്ചിട്ടുണ്ട്.